പുത്തലത്ത് മുസ്തഫയ്ക്ക് ഷാര്‍ജയില്‍ വച്ച് കുത്തേറ്റു

ഷാര്‍ജയില്‍ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു


ഷാര്‍ജ: ഷാര്‍ജയിലെ അല്‍ഖാസിമിയ ഭാഗത്ത് സി.ഐ.ഡി ചമഞ്ഞെത്തിയവര്‍ രണ്ട് മലയാളികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. വടകര കുറ്റിയാടി വേളം ശാന്തിനഗര്‍ സ്വദേശി പുത്തലത്ത് മുസ്തഫ (38), കുറ്റിയാടി സ്വദേശി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുസ്തഫക്ക് മാരകമായി മുറിവേറ്റിട്...ടുണ്ട്. ഇടതുകൈയിലെ പേശിയിലെ ഞരമ്പുകള്‍ വെട്ടേറ്റ് മുറിഞ്ഞു. ഈ കൈയിലെ ഒരു വിരലിന്റെ അറ്റം മുറിഞ്ഞുപോയിട്ടുണ്ട്. ഷാര്‍ജ കുൈവത്ത് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച മുസ്തഫയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജമാലിന്റെയും ഇടതുകൈക്കാണ് കുത്തേറ്റത്. തുന്നലിട്ട ശേഷം ജമാലിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. മുസ്തഫയെ ഉടന്‍ നാട്ടില്‍ കൊണ്ടുപോയി വിദഗ്ധ ചികില്‍സ നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമെന്ന് പ്രവാസി അസോസിയേഷന്‍ ശാന്തിനഗര്‍ സെക്രട്ടേറിയറ്റ് മെംബര്‍ വരിക്കോളി അശ്‌റഫ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. . അല്‍ ഖാസിമിയയിലെ എമിഗ്രഷന്‍ ഓഫിസിന് സമീപമുള്ള പാര്‍ക്കിനടുത്ത് നില്‍ക്കുമ്പോള്‍ നന്നായി അറബി സംസാരിക്കുന്ന രണ്ട് യുവാക്കളെത്തി സി.ഐ.ഡികളാണെന്ന് പറഞ്ഞ ശേഷം ഇരുവരോടും ബത്താക്ക ആവശ്യപ്പെട്ടു. സി.ഐ.ഡികളാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് മുസ്തഫയും ജമാലും ആവശ്യപ്പെട്ടപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി. അപ്പോളാണ് തന്നെ ഏതാനും ദിവസങ്ങള്‍ക്ക് സി.ഐ.ഡി ചമഞ്ഞ് കബളിപ്പിച്ചവരാണ് യുവാക്കളെന്ന് ജമാല്‍ തിരിച്ചറിഞ്ഞത്. സി.ഐ.ഡികളാണെന്നും പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ കാറില്‍ കയറി ഇരിക്കാനുമാണ് ഇവര്‍ അന്ന് ജമാലിനോട് പറഞ്ഞത്. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വരാതെ കാറില്‍ കയറില്ലെന്നും ജമാല്‍ പറഞ്ഞതോടെ ഇവര്‍ പൊലീസിനെ വിളിക്കുന്ന പോലെ അഭിനയിച്ച ശേഷം ജമാലിന്റെ പോക്കറ്റിലുണ്ടായിരുന്ന 60 ദിര്‍ഹം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

ഇക്കാര്യം സൂചിപ്പിച്ചതോടെ ഇവര്‍ ജമാലിനെ മര്‍ദിച്ചു. ഇത് തടയാന്‍ ചെന്ന മുസ്തഫയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജമാലിനും കുത്തേറ്റു. മുസ്തഫ കുത്തേറ്റ് പിടയുന്നതിനിടെ യുവാക്കള്‍ കടന്നുകളഞ്ഞു.

സി.ഐ.ഡി ചമഞ്ഞെത്തുന്നവര്‍ കബളിപ്പിക്കുന്നതും ആക്രമിക്കുന്നതും ഷാര്‍ജയില്‍ തുടര്‍ക്കലയാവുകയാണ്. ഇത്തരത്തില്‍ ആക്രമിക്കപ്പെട്ട് ആറോളം പേരാണ് ആശുപത്രികളിലുള്ളത്. കബളിക്കപ്പെടുന്നവര്‍ ഇതിലുമധികമാണ്.

കഴിഞ്ഞയാഴ്ച അല്‍ നഹ്ദയിലെ അല്‍ ഷേബ ബില്‍ഡിങിലെ ജോലിക്കാരനും പാസ് മെമ്പറുമായ നിസാര്‍ പടിക്കലക്കണ്ടിയെ കബളിപ്പിച്ച് ഇത്തരം സംഘം കവര്‍ന്നത് 35,000 ദിര്‍ഹമാണ്. കാവല്‍ക്കാരന്റെ മുറിയില്‍ കള്ള് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞാണ് ഇവരെത്തിയത്. മുറി പരിശോധിക്കുന്നതിനിടെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന 35,000 ദിര്‍ഹം ഇവര്‍ എടുത്തു. നിസാറിനെ പൊലീസ് സ്‌റ്റേഷനിലേക്കെന്നും പറഞ്ഞ് കൊണ്ടുപോയ ഇവര്‍ ബുഹൈറ സ്‌റ്റേഷന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ അഭിനയിച്ച ശേഷം മുതരിയ സ്‌റ്റേഷന്റെ അടുത്തേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വീണ്ടും ബില്‍ഡിങിലേക്ക് കൊണ്ടുവന്ന ശേഷം ഇത്രാം നമ്പര്‍ റൂമിലെ ആളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഇതിനായി നിസാര്‍ പോയ സമയത്ത് ഇവര്‍ പണവുമായി കടക്കുകയായിരുന്നു.

ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രധാനമായും താവളമാക്കുന്നത് കോര്‍ണീഷുകളാണ്. കോര്‍ണീഷുകളില്‍ ഒറ്റക്ക് എത്തപ്പെടുന്നവരാണ് ഇവരുടെ വലയില്‍ അകപ്പെടുന്നത്. എന്നാല്‍, കോര്‍ണീഷുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ഊര്‍ജിത പരിശോധന തുടങ്ങിയതിനെ തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ വ്യവസായ മേഖലകളിലേക്കും താമസസ്ഥലങ്ങളിലേക്കും തട്ടിപ്പ് മാറ്റി. ഡെലിവറിക്ക് പോയ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന് അല്‍ക്കാനില്‍ വെച്ച് കത്തി കുത്തേറ്റിരുന്നു. ഇയാളിപ്പോഴും ചികിത്സയിലാണ്.

സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പിനിറങ്ങുന്ന ഇത്തരം സംഘത്തെ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ നിയമപാലകരെ അറിയിക്കാതെ മൂടിവെക്കപ്പെടുന്നത് തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും പോലീസ് പറയുന്നു

No comments: