ശാന്തിനഗറിലെ ബോംബ് സ്‌ഫോടനം; സംഘര്‍ഷാവസ്ഥക്ക് അയവില്ല

ഗ്രാമപഞ്ചായത്ത് മെംബര്‍ താര റഹീമിന്റെ വീടിനു ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ അയഞ്ഞില്ല.
ബോംബേറ് സംഭവത്തിനു ശേഷം അനിഷ്ട സംഭവം ഒന്നുമുണ്ടായിട്ടില്ലെങ്കിലും സംഘര്‍ഷം പരിഹരിക്കാന്‍ സര്‍വകക്ഷി സമാധാന യോഗം ഇനിയും നടന്നില്ല.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ യോഗം വിളിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമാണ് യോഗത്തിനെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സല്‍മ പറഞ്ഞു. എന്നാല്‍, ബോംബേറില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ യു.ഡി.എഫ് ഇതരര്‍ പൊതുയോഗം സംഘടിപ്പിച്ച സമയത്താണ് യോഗം വിളിച്ചത്.
വൈകുംവരെ കാത്തിരുന്നിട്ടും മറ്റു കക്ഷികള്‍ എത്താത്തതിനാല്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കക്ഷികളും വില്ലേജ് ഓഫിസറും യോഗം ചേര്‍ന്ന് സംഭവതെ അപലപിച്ച് പിരിയുകയാണുണ്ടായതെന്നും പ്രസിഡന്റ് പറഞ്ഞു.
മെംബര്‍ താര റഹീമിന്റെ കക്ഷിയായ ജനകീയ വികസന മുന്നണിയെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം നിലക്ക് സംഭവത്തെ അപലപിച്ച് പത്രപ്രസ്താവനയൊന്നും നടത്തുകയുമുണ്ടായില്ല.
പഞ്ചായത്ത് അംഗത്തിനു നേരെ അക്രമം നടക്കുന്ന ഇത്തരം സംഭവം സംസ്ഥാനത്ത് അപൂര്‍വമായിട്ടും ഭരണസമിതി ലാഘവമായെടുത്തതായി ജനകീയ വികസന മുന്നണി വക്താക്കള്‍ കുറ്റപ്പെടുത്തി.

No comments: