വേളത്ത് പഞ്ചായത്തംഗത്തിന്റെ വീടിന് ബോംബേറ്

മാധ്യമം
: വേളം ഗ്രാമപഞ്ചായത്ത് ശാന്തിനഗര്‍ വാര്‍ഡ് മെംബര്‍ താര റഹീമിന്റെ വീടിനു ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജനകീയ വികസന സമിതി പ്രവര്‍ത്തകനും താര വാടക സ്‌റ്റോര്‍ ഉടമയുമായ ഇദ്ദേഹത്തിന്റെ ശാന്തിനഗര്‍ ടൗണിലുള്ള വീടിന്റെ അടുക്കളക്ക് ഉഗ്ര ശക്തിയുള്ള നാടന്‍ ബോംബ് എറിഞ്ഞത്.
മേല്‍ക്കൂരയുടെ ഓടുകള്‍, പട്ടിക എന്നിവ തകര്‍ന്നു. സ്‌ഫോടന ശബ്ദം കിലോമീറ്ററോളം ദൂരം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കുറ്റിയാടി എസ്.ഐ ഹരിപ്രസാദ്, അഡീഷനല്‍ എസ്.ഐ സലാം എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു. പരിസരത്ത് ചിതറിക്കിടന്ന ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചു. വീടിന്റെ പിന്‍ഭാഗത്ത് ഉയരമുള്ള സ്ഥലത്തു നിന്ന് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ കുന്നിന്‍ ഭാഗത്തു കൂടി രക്ഷപ്പെട്ടതാണെന്നു കരുതുന്നു.
രാഷ്ട്രീയ വിരോധം കാരണം ബോംബെറിഞ്ഞതാണെന്ന് റഹീമിന്റെ പിതാവ് നല്‍കിയ പരാതി പ്രകാരം കുറ്റിയാടി പൊലീസ് കേസെടുത്തു. യു.ഡി.എഫ് ദീര്‍ഘകാലമായി കൈവശംവെക്കുന്ന സീറ്റിലാണ് ജനകീയ വികസന സമിതി വിജയം നേടിയത്.
വോട്ടിങ് ദിവസം ജനകീയ വികസന സമിതി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങളുടെ ടയറുകളുടെ കാറ്റഴിച്ചു വിട്ടിരുന്നതായും തെരഞ്ഞെടുപ്പിന് ശേഷം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ചിരുന്നതായും പറഞ്ഞു. ജയിച്ച സ്ഥാനാര്‍ഥിയെ ആനയിച്ചുള്ള വിജയാഹ്ലാദ പ്രകടനം പൊലീസ് കാവലിലാണ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച എളവച്ചാല്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞു പോകുന്ന ഒരാളെ മര്‍ദിച്ച സംഭവമുണ്ടായതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
റഹീമിന്റെ വീട് വിവിധ നേതാക്കളും ജനപ്രതിനിധികളം സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, ജില്ലാ പ്രസിഡന്റ് പി.സി. ബഷീര്‍, മേഖലാ സെക്രട്ടറി എം.എം. മുഹ്‌യിദ്ദീന്‍, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി, ഖാലിദ് മൂസാ നദ്‌വി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. സല്‍മ, വൈസ്‌പ്രസിഡന്റ് ടി.വി. കുഞ്ഞിക്കണ്ണന്‍, മെംബര്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശാന്തിനഗറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പി.എം.ബാബു അധ്യക്ഷത വഹിച്ചു.

മാത്രുഭൂമി.

പ്രതിഷേധിച്ചു
വേളം: ഗ്രാമപ്പഞ്ചായത്ത് അംഗം താരറഹിമിന്റെ വീടിനുനേരേ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതില്‍ വ്യാപക പ്രതിഷേധം.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന വേളം പഞ്ചായത്തില്‍ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാനുള്ള സാമൂഹദ്രോഹികളുടെ ശ്രമം അവസാനിപ്പിക്കണമെന്ന് സി.പി.എം. വേളം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

താരറഹിമിന്റെ വീടിനുനേരേ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പോലീസന്വേഷണം ഊര്‍ജിതമാക്കണമെന്നും ശാന്തിനഗര്‍ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ. വേളം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.


No comments: