ഖുത്തുബ സംബന്ധിച്ച തര്‍ക്കം വേളത്ത് സംഘര്‍ഷം; ആറു പേര്‍ക്കു പരിക്ക്

mathrubhumi

വേളം: ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തെ (ഖുത്തുബ) ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വേളം ശാന്തിനഗറില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ശാന്തിനഗറില്‍ എളവനച്ചാല്‍ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഘര്‍ഷം. പരിക്കേറ്റ ആറു പേരെ കുറ്റിയാടി ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. യു.ഡി.എഫ്. പ്രവര്‍ത്തകരായ കൊല്ലന്‍കണ്ടി ഹമീദ് (40), കൊല്ലന്‍കണ്ടി സൂപ്പി (58), പറമ്പത്ത് മുനീര്‍ (20), കടവത്ത് ഫൈസല്‍ (32), ഒറ്റക്കണ്ടത്തില്‍ അഫ്‌സല്‍ (32), ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായ ഗണപതികണ്ടി മൊയ്തു (53) എന്നിവരെയാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

എളവനച്ചാല്‍ ജുമാമസ്ജിദിലെ ഖത്തീബ് ഖുത്തുബ സമയത്ത് രാഷ്ട്രീയം പ്രസംഗിച്ചെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ പ്രചാരണം നടത്തിയെന്നും ഇതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നെന്നും പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി. പ്രാദേശിക അമീര്‍ കെ. അബ്ദുറഹിമാന്‍, ആര്‍.പി. മൊയ്തുഹാജി എന്നിവരുടെ നേതൃത്വത്തില്‍ പുറമേനിന്ന് എത്തിയവരാണ് തങ്ങളെ മര്‍ദിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം, പള്ളിയിലെ ഖത്തീബിനെ പ്രഭാഷണം നടത്താന്‍ അനുവദിക്കാതെ മുസ്‌ലിം ലീഗ് നേതാവ് കിരങ്കെ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പള്ളിയിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്നും നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന തന്നെ ആക്രമിക്കുകയായിരുന്നെന്നും മൊയ്തു കുറ്റിയാടി പോലീസില്‍ പരാതി നല്കി. കുറ്റിയാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments: